News

സാംക്രമിക രോഗങ്ങളുടെ കാലത്ത് നടത്താനുള്ള പ്രത്യേക പ്രാർത്ഥന.

(പാമ്പാക്കുട നമസ്കാരത്തിൽ നിന്നും)

പാപികളുടെ അനുതാപത്തിൽ പ്രീതിയോടെ സന്തോഷിക്കുന്ന ഞങ്ങളുടെ ദൈവം തമ്പുരാനെ! ഞങ്ങൾ പാപം ചെയ്തു പോയതുകൊണ്ട് നീ ഞങ്ങളെ ഞെരുക്കുകയും ശിക്ഷിക്കുകയും അരുതേ. ദൈവമാതാവായ വിശുദ്ധകന്യക മറിയാമിനെ പ്രതിയും, നിബിയെന്മാരെ പ്രതിയും ശ്ലീഹന്മാരെ പ്രതിയും സഹദേന്മാരെ പ്രതിയും സർവശിക്ഷകളെയും ഞങ്ങളിൽ നിന്ന് വിരോധിച്ച് നീക്കണമെ. കർത്താവേ! ഈ കഠിന രോഗത്തിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ. നീ കരുണയുള്ള ദൈവം ആകുന്നു എന്ന് കൽപ്പിച്ചിരിക്കുന്നത് കൊണ്ട് ക്രോധത്തിന്റെയും ശിക്ഷയുടെയും കാലത്തിൽ ഞങ്ങളുടെ നേരെ നിൻറെ കരുണയുടെ വാതിൽ അടച്ചു കളയരുത്. ഞങ്ങൾ പാപികൾ ആകുന്നു എന്ന് ഞങ്ങൾ ഏറ്റുപറയുന്നു. നിൻറെ കരുണയാൽ ഞങ്ങളെ ആശ്വസിപ്പിക്കണമേ. ദൈവമേ! കരുണയോടെ അല്ലാതെ കോപത്തോടെ നീ ഞങ്ങളെ ശിക്ഷിക്കരുതേ. രണ്ടാമത്തെ മരണത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. ഞങ്ങളുടെ നമസ്കാരങ്ങള്‍ക്കും, അപേക്ഷകള്‍ക്കും നിന്‍റെ കരുണയുടെ വാതിൽ നീ തുറന്നു തരേണമേ. ഞങ്ങൾ അനുഭവിച്ചിട്ടുള്ള നിന്‍റെ  തിരുശരീരവും, തിരുരക്തവും ഞങ്ങൾക്ക് സഹായമായി ഭവിക്കേണമേ. ജയമുള്ള ആയുധമാകുന്ന നിന്‍റെ സ്ലീബാ രോഗപീഡ അനുഭവിക്കുന്ന എല്ലാവർക്കും രക്ഷ ആയിരിക്കേണമേ. നല്ല ഇടയനായ കർത്താവേ! ഞങ്ങളുടെ ആവലാതികളെ കേൾക്കേണമേ. ഞങ്ങൾ സങ്കടത്തോടെ നിന്‍റെ അടുക്കൽ നിലവിളിക്കുന്നത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകണമേ. മനോഗുണവാനേ! നിന്‍റെ അടുക്കൽ അല്ലാതെ ഞങ്ങൾ ആരുടെ അടുക്കൽ പോകേണ്ടൂ. നിന്നെയല്ലാതെ ആരെ ഞങ്ങൾ വന്ദിക്കേണ്ടൂ. അപേക്ഷിക്കുവാനും പ്രാർത്ഥിക്കുവാനും വന്ദിക്കുവാനും നീ അല്ലാതെ ആരും ഞങ്ങൾക്കില്ല. ആയതുകൊണ്ട് കർത്താവേ നീ നിന്‍റെ  തക്കൈകൾ നീട്ടി ഞങ്ങളെ വാഴ്തേണമേ. തിരുവുള്ളം കൊണ്ട് ഇല്ലായ്മയിൽ നിന്ന് ഞങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ ദൈവമേ, തിരുവുള്ളക്കേട് കൊണ്ട് ഞങ്ങളെ നീ നശിപ്പിച്ചു കളയരുതേ. ഞങ്ങളുടെ നേരെ നീ കോപിക്കാതെ ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളുടെ അനീതികൾ നിമിത്തം ഉണ്ടായിട്ടുള്ള ഈ ശിക്ഷയെ ഞങ്ങളിൽ നിന്ന് നീ നിരോധിക്കേണമേ. ഉഗ്ര കോപത്തിൽ നിന്ന് നീ ശാന്തതപ്പെടെണമെ. നിന്നെ ഞങ്ങൾ കോപിപ്പിച്ചു എങ്കിലും നിന്നിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നതിനാൽ നീ ഞങ്ങളോട് നിരപ്പാകണമെ. നീ ഞങ്ങൾക്ക് അനുതാപത്തിന്‍റെ ഹൃദയവും കണ്ണുനീരുകളും തരേണമേ. നിന്‍റെ വിശുദ്ധ സ്ലീബായാൽ ഞങ്ങളെ രക്ഷിക്കണമേ. കാരുണ്യവാനും ദീർഘക്ഷമയും ഉള്ളവനായി കർത്താവേ! നിന്‍റെ  തിരുരക്തത്താൽ നീ രക്ഷിച്ചിരിക്കുന്നു നിന്‍റെ  ജനത്തൊട് നിനക്ക് മനസ്സലിവ് ഉണ്ടാകണമേ. വൃദ്ധന്മാരെയും യൗവനക്കാരെയും, കുഞ്ഞുങ്ങളെയും മരണം വിഴുങ്ങി കൊണ്ടിരിക്കുന്നു. ദൈവമേ നിന്‍റെ  ജനത്തിന്‍റെ കരച്ചിലുകളെയും വിലാപങ്ങളെയും നിലവിളികളെയും നീ കേൾക്കേണമേ. കർത്താവേ നീ നിന്‍റെ തിരു കരങ്ങൾ നീട്ടി ഞങ്ങളെ സഹായിച്ചില്ലെങ്കിൽ ഞങ്ങൾ പൂർണ്ണമായും നശിച്ചു പോകുമല്ലോ. ഞങ്ങളുടെ പാപങ്ങൾ അസംഖ്യം എങ്കിലും നീ അല്ലാതെ ഞങ്ങൾക്ക് ആശ്രയവും രക്ഷയും വേറെ ഇല്ലാത്തതുകൊണ്ട് കരുണയോടെ തൃക്കൺ പാർത്ത് ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളെയും ഞങ്ങൾക്കുള്ള സകലത്തെയും നീ കൃപയോടെ കാത്തുരക്ഷിക്കേണമേ. ഞങ്ങളെല്ലാവരും നന്ദിയുള്ള ഹൃദയത്തോടെ നിന്നെയും, നിൻറെ പിതാവിനെയും, ജീവനുള്ള നിന്‍റെ  പരിശുദ്ധ റൂഹായേയും ഇപ്പോഴും എല്ലാ സമയത്തും എന്നേക്കും സ്തുതിച്ച് സ്തോത്രം ചെയ്യുവാൻ കൃപയോടെ ഞങ്ങൾക്ക് ഇടയാക്കുകയും ചെയ്യണമേ, ആമേൻ.